ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിശപ്പ്




ഭക്ഷണം എന്നും പ്രിയപ്പെട്ടതാണ് ..ജീവിതത്തിൽ നാളിതുവരെ സ്വാദോടെ ആസ്വദിച്ച് കഴിച്ചതിൽ എല്ലാം സ്നേഹമുണ്ടായിരുന്നു .രുചികൂട്ടിനൊപ്പം അല്പം സ്നേഹം കൂടെ ചേർത്ത്  വിളമ്പുമ്പോൾ അത് ജീവിതം മുഴുവൻ നാവിൽ നിന്ന് മാറാത്ത ,വീണ്ടും കഴിക്കാൻ കൊതി തോനുന്ന  വിഭവം ആകും .വിശപ്പ് അറിഞ്ഞു  ഭക്ഷണം വിളമ്പിയവരും  ..വിശന്നിരുന്ന സമയങ്ങളും വേറിട്ട രുചി വൈഭവം പകർന്നവരും ദൈവങ്ങൾക്കൊപ്പം ......

ഓർമ്മയുള്ള രുചികൾ ഓർത്തെടുക്കുമ്പോൾ അതിൽ ആദ്യം വരുന്നത്  തീരെ കുട്ടി ആയിരുന്ന കാലത്തു  അച്ഛൻ തന്നിരുന്ന ചോറുരുളകളാണ് ...മങ്ങിയ ഓർമയിൽ നിന്നും ഓർത്തെടുക്കുമ്പോൾ ... ജോലി ഇടയിൽ ഉച്ചയ്ക്ക്  ചോറുണ്ണാൻ വരുന്ന അച്ഛൻ ചോറും അവിയലും ,മെഴുക്കു പിരട്ടിയും ,പുളിശ്ശേരിയും ചേർത്തിളക്കി അതിൽ പപ്പടം പൊടിച്ചു ചെറിയ ഉരുളകൾ ആക്കി കഴിപ്പിച്ചിരുന്നു ..കഴിക്കാൻ കൂട്ടാക്കാത്തപ്പോൾ  കഥകൾ പറഞ്ഞും കുടുംബ വീട്ടിലെ തിണ്ണയിലുള്ള ഗ്രില്ലിൽ തൂങ്ങിയും കഴിച്ച സ്വാദ് ..


വല്ല്യമ്മച്ചി (അച്ഛൻറെ  അമ്മ ) അടുക്കളയിൽ  സജീവമായിരുന്ന കാലത്ത് ഉണ്ടാക്കിയിരുന്ന മുരിങ്ങക്ക ,ചക്കക്കുരു ,മാങ്ങ തേങ്ങയിൽ അരച്ച കറി  ആവി പറക്കുന്ന ചൂട് ചോറിൽ ഒഴിച്ച് അതിൽ   ഉപ്പു വെള്ളം തളിച്ച്  കുഴച്ചുണ്ണുമ്പോൾ   പ്ലേറ്റിന് കോണിൽ തൊട്ടു നക്കാൻ മാങ്ങ അച്ചാറും ഉണ്ടാവാറുണ്ട് .വെറ്റില  മുറുക്കിയിരുന്ന വല്യമ്മച്ചി  പാക്കും വെറ്റിലയും പുകയിലയും ഇഡിയനിൽ  ഇടിച്ച്  തിണ്ണയിൽ കാത്തിരിക്കും ...എന്ത് ഉണ്ടാക്കിയാലും അതിനൊപ്പം  സ്നേഹത്തോടെ ഉള്ള  കരുതലും  കാത്തിരിപ്പും ഉണ്ടാവാറുണ്ട് .വല്യമ്മച്ചിയുടെ കാലശേഷം ആ രുചിയും നഷ്ടമായി ..

അച്ഛൻറെ  കുടുംബ വീട്ടിൽ എല്ലാവരും ഒരുമിച്ചുള്ള കാലത്ത്  ...ഉച്ച ഉറക്ക  സമയത്ത്   വിനയ് ചേട്ടനും ലിഞ്ചു  ചേച്ചിയും  വീണ ചേച്ചിയും കീർത്തിക്കും(കസിൻസ് ) ഒപ്പം  പിൻ  വാതിൽ  തുറന്ന് ടെറസ്സിനു മുകളിൽ കയറി , പേരയ്ക്ക മാങ്ങയും ,കിളിച്ചുണ്ടൻ മാങ്ങയും കൈയ്യെത്തി പറിച്ച് ,മാങ്ങ പൂളുകളിൽ സവാള അരിഞ്ഞു  അതിൽ മുളകുപൊടിയും ഉപ്പും പുരട്ടി വെളിച്ചെണ്ണയിൽ കുഴച്ച്    ... അമർത്തി ചവക്കുമ്പോൾ ഉമിനീരിൽ കൊതി അടുത്ത മാങ്ങാ പൂളിനായി തിരയും ....

അമ്മയുണ്ടാക്കാറുള്ള അവിയൽ ..വഴുതനങ്ങയും മുരിങ്ങക്കായും  വെള്ളരിയും ചേനയും മാങ്ങയും (ചിലപ്പോൾ ചക്ക കുരുവും)   തേങ്ങ അരച്ച്  തീരെ  കുഴയാതെ ചാറുള്ള ചൂടൻ അവിയൽ ...ചൂട് ചോറിൽ  ഒരു നുള്ള്  നെയ്യും ഉപ്പും ചേർത്ത് വിരലുകളുടെ   അറ്റം  കൊണ്ട് ചൂടിനെ വക വെയ്ക്കാതെ ,ഇളക്കി കുഴച്ച് ഉരുട്ടി കഴിക്കുമ്പോൾ ..ഓരോ ഉരുളയ്ക്കും  ഒടുവിൽ  കടി പപ്പടം ... പിഞ്ഞാണത്തിൽ ഒരു വറ്റുപോലും ബാക്കി വെക്കാതെ വടിച്ചു  നക്കുന്ന കാര്യം ഓർക്കുമ്പോഴേ ..വീട്ടിലെ അടുക്കളയും വിശപ്പുതീരാത്ത വയറുകളും  ..കൊതിയുള്ള കണ്ണുകളും എന്നെ എവിടുന്നൊക്കെയോ തുറിച്ച് നോക്കുന്നു ....പണ്ട് ഞായറാഴ്ചകളിൽ  രാവിലെ കുളിച്ച് അമ്പലത്തിൽ പോയി വരുമ്പോൾ ടിവിയിൽ മഹാഭാരതവും പിന്നീട് ചന്ദ്രകാന്ത  സീരിയലും ഉള്ള കാലഘട്ടങ്ങളിൽ ചൂട് ഇഡലിയും , ഉരുളൻ കിഴങ്ങും മുരിങ്ങക്കായും  വെള്ളരിയും പടവലങ്ങായും  വഴുതനങ്ങയും  കുഴഞ്ഞു ചേർന്ന തുവര പരിപ്പിൽ  നേർത്ത കായത്തിൻ്റെ  മണമുള്ള സാമ്പാർ ഒരു കുഴിയൻ  പാത്രത്തിൽ എടുത്ത് അതിൽ ഇഡ്ഡലി കുഴച്ച്... ദൂരദർശൻ  പ്രക്ഷേപണത്തിന്  ഒപ്പം ....ഇപ്പോഴും അമ്മ  ഉണ്ടാക്കുന്ന സാമ്പാറിനു  അതെ സ്വാദ് തന്നെ ..ദൂരദർശൻ പോയതൊഴിച്ചാൽ ഇഡ്ഡലിയും സാമ്പാറും  കൊതിയുടെയും  പിന്നീട് വയറ്റിൽ ഗ്യാസ് ട്രബിളിൻറെയും     ഓർമ്മപ്പെടുത്തൽ ആണ് ..

വേനൽ അവധി കാലത്ത് നന്ദുവും അച്ചുവും  കിട്ടൂം മോളൂട്ടിയും (സഹോദരങ്ങൾ) അയൽവാസികളായ മറ്റു കുട്ടി കിങ്കരന്മാരും ഒത്ത് വീടിൻ്റെ  പിൻവശത്തെ സ്വർണ്ണ മാങ്ങ എറിഞ്ഞിട്ട്  മാങ്ങാ ചെന  ഭിത്തിയിൽ ഉരച്ചു  കളഞ്ഞ് , പുളി  മധുരൻ  മാങ്ങ നീര് ചപ്പി കുടിക്കുമ്പോൾ ..കൈമുട്ടിലൂടെ ഒലിച്ചിറങ്ങുന്ന മാങ്ങാ നീര് ദേഹമാസകലം പറ്റി  ഉണങ്ങുമ്പോൾ  ....ആ കാലത്ത് എല്ലാത്തിനും എല്ലാവർക്കും  മാങ്ങയുടെ മണമാണ് ..ചെന യുള്ള മാങ്ങയുടെ മണം.
പറമ്പിൽ  ...സപ്പോർട്ടയും  മാങ്കോസ്റ്റീനും  കായിച്ചു തുടങ്ങുമ്പോൾ ഉള്ള കാത്തിരുപ്പ് ... സപ്പോർട്ടയും  മാങ്കോസ്റ്റീനും  വിളഞ്ഞു തുടങ്ങുമ്പോൾ അമ്മച്ചി (അമ്മയുടെ അമ്മ )  കച്ചി  പുരയിൽ കച്ചിക്കുള്ളിൽ അവ പഴുക്കാനായി മൂടി വെയ്ക്കും ..പാത്തിരുന്ന്  കച്ചി കൂനയുടെ ഉള്ളിൽ എവിടെ ആണ് വെച്ചിരിക്കുന്നത് എന്ന് നോക്കി ..പറ്റിയ സമയം കട്ട് തിന്നും ..ഇതുവരെ കായിച്ചു  കണ്ടിട്ടില്ലാത്ത ലിച്ചി മരം ..പടർന്നു പന്തലിച്ചു നിന്ന് വർഷങ്ങളായി  തണൽ തരുന്ന ലിച്ചി അപ്പൂപ്പൻ എല്ലാത്തിനും സാക്ഷി .

ഈന്തപഴം ഇഷ്ടമുള്ള അമ്മച്ചി ..കിട്ടുന്ന ഈന്തപ്പഴം അത്രയും കാൽപെട്ടിക്കുള്ളിൽ മടക്കി വെച്ച മുണ്ടിനടിയിൽ  ഭസ്മ പാത്രത്തിനും ഇടയിൽ ഭദ്രമാക്കി വെക്കും ....ഒരിക്കൽ രാത്രിയിൽ കതകിനു പിന്നിൽ ഇരുന്ന്   ഈന്തപഴം കട്ടു  തിന്ന കിട്ടുനെ  ഞാൻ കണ്ടു ...ഒറ്റു  കൊടുക്കാതിരിക്കാനുള്ള പാരിതോഷികമായി അവൻ എനിക്കും തന്നു  ഒരു പിടി ഈന്തപഴം ..ഞങ്ങൾ കട്ട് തിന്നുന്നത് അറിഞ്ഞു കൊണ്ട് ആകും അമ്മച്ചി പിന്നീട് ഈന്തപഴം പാത്ത്  വെച്ചതായി ഓർക്കുന്നില്ല .

.ആ കാലത്ത്  ഈന്തപ്പഴത്തിന് അമ്മച്ചിയുടെ മണം  ആയിരുന്നു ...ഭസ്മത്തിൻ്റെ .. ബലാ  സുഗന്ധാദി കുഴമ്പിൻറെ ഇഴുകി ചേർന്ന സുഗന്ധം ....

എന്നും സന്ധ്യാ  നാമം ജപം നിർബന്ധം ആയിരുന്നു വീട്ടിൽ . ഗണപതിക്ക്‌ വെക്കുന്ന പഞ്ചസാര ,ചിലപ്പോൾ കുല പഴുത്തത് വെട്ടി വെച്ചിട്ടുണ്ട് എങ്കിൽ ,വിളക്കത്ത് പഞ്ചസാരക്കൊപ്പം  പഴവും ഉണ്ടാകും ... നാമജപത്തിനൊടുവിൽ മംഗളം ചൊല്ലി ദീപം ഒഴിയുന്ന ആളാണ് പഞ്ചസാരയും അരിഞ്ഞ  പഴവും വീതം വെക്കേണ്ടത് ..നന്ദുവും അച്ചുവും ഉള്ളപ്പപ്പോൾ അത് അവരുടെ അവകാശം ആണ് ...പഞ്ചസാരയിൽ ഇളക്കിയ പഴം ..അതും കഴിഞ്ഞു  വിരൽ നക്കി തോർത്തുമ്പോൾ ഇടയ്‌ക്കൊക്കെ  ചോനൽ  ഉറുമ്പിന്റെ പുളിയൻ രുചിയും അറിഞ്ഞിട്ടുണ്ട് .


അവധിക്കാലങ്ങൾ എപ്പോഴും  വെള്ളൂർ പോകാനായിരുന്നു ഞാനും അനിയൻ കിട്ടുവും തമ്മിൽ മത്സരം ..അവിടെ  ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ്‌  കമ്പനിയിൽ ആയിരുന്നു മോനമ്മാവൻ  ജോലി ചെയ്തിരുന്നത് .എന്നെയും അനിയൻ കിട്ടുനെയും പോലെ തന്നെ തീറ്റ പ്രിയരാണ് അവിടെ നന്ദുവും അച്ചുവും ...അമ്മായി എന്ത് ഭക്ഷണം ഉണ്ടാക്കിയാലും അതിൽ വേറിട്ട ഒരു നോർത്ത് ഇന്ത്യൻ  രുചി ഉണ്ടാവും ...ചൂടൻ ആലു  പറോട്ടയും ടൊമാറ്റോ  അച്ചാറും  നാവിൽ നിന്നും മാറാത്ത രുചി ആണ് .അമ്മായി ഉണ്ടാക്കാറുള്ള എല്ലാ വിഭവങ്ങൾക്കും ഒപ്പം രസമുള്ള തമാശകളും പാട്ടുകളും പൊട്ടിച്ചിരിയും വയറു നറയുന്നതിനൊപ്പം  മനസ്സും നിറച്ചിരുന്നു  ...

ചങ്ങനാശ്ശേരി  എസ്സ് .എച്ച് സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനും അനിയൻ കിട്ടുവും സ്കൂൾ വിട്ട്  വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ മെയിൻ റോഡിൽ അവൻ്റെ  തോളിൽ കൈ ഇട്ടാണ് ഞാൻ നടക്കാറ് ..അല്ലെങ്കിൽ അവൻ ഓടും .ആകെ പിമ്പിരി ആണ് അവൻ ശ്രദ്ധിച്ചു നടന്നു വരണം എന്ന് അച്ഛനും അമ്മയും  കർശന നിർദ്ദേശം തന്നിട്ടുണ്ട് .ഇടവഴിയിൽ കുന്നിന്റെ  മുകളിൽ ബാഗും തൂക്കി വലിഞ്ഞു കയറുമ്പോൾ ക്ഷീണിക്കും ..കിതക്കും... അവിടെ വളവിൽ ഉള്ള വീട്ടിൽ എന്നും വെള്ളം കുടിക്കാൻ കയറുന്നത് ഒരു ശീലമായിരുന്നു ..പ്രായമുള്ള അമ്മച്ചി പിന്നീട് ഞങ്ങൾക്കായി തണുത്ത വെള്ളം കരുതി വെയ്ക്കും ..വീട്ടിൽ ആ കാലത്ത് ഫ്രിഡ്ജിൽ വെള്ളം കർശനമായി നിരോധിച്ചിരുന്നു ...ദാഹിച്ചു വരണ്ട തൊണ്ടയിൽ തണുത്ത വെള്ളം ഇറങ്ങുമ്പോൾ പച്ച വെള്ളത്തിനും മധുരമായിരുന്ന കാലം .

ഇംഗ്ലീഷ് മീഡിയത്തിൽ നിന്നും മലയാളം മീഡിയത്തിലേക്കു പറിച്ച്  നട്ട കാലത്ത് ....കാക്കി ധാരികൾക്കൊപ്പം ചങ്ങാത്തം മൂത്ത കാലത്ത്  ഒൻപത്  എ  ക്ലാസ്സിന്റെ  വശത്ത് ഉണ്ടായിരുന്ന കഞ്ഞി പുരയിൽ  നിന്നും ,ഉച്ചയ്ക്ക് കൃത്യം 12 .30 ആകുമ്പോൾ ആ പ്രദേശം മുഴുവൻ കഞ്ഞിയുടെയും പയറിന്റെയും  സുഗന്ധം ആണ്.പലപ്പോഴായി അമ്മ  വീട്ടിൽ നിന്നും തന്നു വിടുന്ന ചോറു  പൊതി കൈമാറി ഞാനും കൂടിയിട്ടുണ്ട് കഞ്ഞി പുരയിൽ കഞ്ഞി കുടിക്കാർക്കൊപ്പം ..ചൂട് കഞ്ഞിയിൽ ഉപ്പും പയറും ചേർത്ത് വേവിക്കുമ്പോൾ പ്രത്യേക തരം  സ്വാദാണ് .. കഞ്ഞി കുടിക്കാനായി മാത്രം സ്‌കൂളിൽ വന്നിരുന്നവർക്ക് വിദ്യ അഭ്യാസം വിശപ്പും മാറ്റിയിരുന്നു ..പിന്നീട്  സ്റ്റേറ്റ് ഗവൺമെൻറ് പ്രോജെക്ടിൽ   ജോലി  ചെയ്തിരുന്ന കാലത്ത് നിലമ്പൂർ  മാനവേദൻ സ്‌കൂളിൽ നിന്നാണ് എന്ന് തോനുന്നു ഒരിക്കൽ അവിടുത്തെ കഞ്ഞി പുരയിൽ പോയി ചോദിച്ചു വാങ്ങി കഞ്ഞി കുടിച്ചിട്ടുണ്ട് ..സ്വാദ് വേറെ എങ്കിലും വിശപ്പ് ഒന്ന് തന്നെ ..

രാജഗിരിയിൽ ഡിഗ്രി പഠിച്ചിരുന്ന കാലത്ത്  സുഹൃത്തുക്കളായ സിജിലിനും തേജസ്സിനും   ഒപ്പം ഒരു  മുറിയിലെ  ഹോസ്റ്റൽ ജീവിതം  താളത്തിൽ പോയി കൊണ്ടിരുന്നു .എന്നെ പോലെ തന്നെ ശാപ്പാട്ടു  രാമൻ മാരായിരുന്നു അവന്മാരും ....ഹോസ്റ്റൽ മെസ്സ്  നിർത്താലായ കാലത്ത് എല്ലാ ഹോസ്റ്റൽ മുറിയിലും  പട്ടിണി വ്യാപകം.പലർക്കും അവധി കാലം ആയപ്പോൾ ഭക്ഷണത്തിനുള്ള ബുദ്ധിമുട്ടും വിചാരിച്ചു  വീട്  പിടിച്ചു  ...ആഴിച്ചകളിൽ അച്ഛൻ തരാറുള്ള അഞ്ഞൂറ് രൂപ തികയാതെ വന്നിരുന്നു .വീട്ടിൽ ആഴ്ചകളിൽ പോകാത്ത കാലത്ത് അച്ഛൻ ഹോസ്റ്റലിൽ എത്തി ക്യാഷ്‌ തന്നിരുന്നു .....ഹോസ്റ്റൽ ശൂന്യം ആയി തുടങ്ങിയ സമയം ..പല റൂമിലും ആളുകൾ ഇല്ല.കൈയ്യിൽ  പൈസ  ഇല്ലാതിരുന്ന ഒരു സ്റ്റഡി ലീവ് പരീക്ഷാ  കാലം ..... 

ഹോസ്റ്റൽ ഭക്ഷണം ഇല്ലാത്തതിനാൽ അടുത്തുള്ള  ഹോട്ടലിൽ നിന്നാണ് ഞങ്ങൾ മൂന്നു പേരും കഴിച്ചിരുന്നത് ... ഒരാഴ്ച്ച  കണക്ക് ...ബുക്കിൽ കയറിയപ്പോൾ  കൊടുക്കാനുള്ള കണക്കു തീർക്കാതെ പിന്നീട് അങ്ങോട്ട് പോകേണ്ട എന്ന് തീരുമാനിച്ചു ... അങ്ങനെ വിശപ്പ് പട്ടിണി ആയി വളർന്നു വന്നു ... കയ്യിൽ  ഒരു രൂപ ഇല്ല ..വീട്ടിൽ ചോദിച്ചാൽ അച്ഛൻ കൊണ്ട് തരും എന്നാലും  തോന്നിയില്ല ... സിജിലും തേജസ്സും എവിടുന്നോ കടം വാങ്ങി വീട്ടിൽ പോയി ...റൂമിൽ തനിച്ചായ ഞാൻ  ആദ്യമായി ഭക്ഷണം സ്വപ്നം കണ്ടു ...പരിചയം ഇല്ലാത്ത ചില നോർത്തിൻഡ്യൻ  സ്റ്റുഡൻറ്സ്  ആണ് പിന്നെ അവിടെ ഉള്ളത് അന്ന് എന്തോ അവരോടു എൻ്റെ  വിശപ്പ് പറയാൻ തോന്നിയില്ല ...

പല ആലോചനകൾ ..വിശപ്പ് കൂടുന്നു ...ഒരു നേരമേ ആയുള്ളൂ കഴിക്കാതെ ആയിട്ട് ..എന്നിട്ടും വയറു കരയുന്നു ..പാറു ചേച്ചിയെ ഓർത്തു ..പാറു ചേച്ചി ഞാൻ രാജഗിരിയിൽ ചെന്ന നാൾ മുതൽ ഏതോ മുജ്ജന്മ ബന്ധം പോലെ ഉള്ള പരിചയം ...വിശന്നപ്പോഴും പാറു ചേച്ചിയെ ഓർത്തു ..വിളിക്കാൻ അന്ന് മൊബൈൽ ഇല്ല ..വീട്ടിലേക്കു പോകാൻ വണ്ടി കൂലിയും ഇല്ല ..റൂമിൽ തിരഞ്ഞു... ഒരു രൂപ കിട്ടി അതുമായി ഹോസ്റ്റൽ കോയിൻ ഫോണിൽ നിന്നും വിളിച്ചു ..എൻ്റെ  വിശപ്പിനെ  മനസ്സിലായ ചേച്ചി പറഞ്ഞു നീ വെയിറ്റ് ചെയ്യൂ ഞാൻ ഫുഡ്ഡ്  കൊണ്ട്  വരാം ...കുറച്ച് സമയത്തിനുള്ളിൽ പാറുചേച്ചി  വന്നു .കൈയ്യിൽ  ഒരു പാത്രത്തിൽ ചൂട് വെജിറ്റൽ പുലാവും   സാലഡും പപ്പടവും അച്ചാറും .... പിന്നെ 200  രൂപയും .. നീ പോയി കഴിക്ക്  വിശന്നിരിക്കുവല്ലേ ..പാത്രം നാളെ തന്നാൽ മതി എന്ന് പറഞ്ഞ്  പാറു ചേച്ചി പോയി...റൂമിൽ പോയിരുന്ന്  ആർത്തിയോടെ കഴിക്കുമ്പോൾ ഇടയ്ക്ക്  കണ്ണീര്  പൊടിഞ്ഞു    അത് ഉമി നീരിൽ ലയിച്ചതായും ഓർക്കുന്നു ... വിശന്ന വയറ്  എവിടെ  കണ്ടാലും അതിനു ശേഷം ഞാൻ തിരിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട് .....തിരിച്ചറിവുകളുടെ വിശപ്പായിരുന്നു  അന്നത്തെ കാലത്തിന് .

പിന്നെയും ഉണ്ട് നാവിൽ നിന്നും മായാത്ത  രുചികളും ... ജീവനുള്ള കാലം മറക്കാത്ത മുഖങ്ങളും .ജീവിതം പല സ്വാദുകൾ അറിഞ്ഞ്  മുൻപോട്ടു പോകുമ്പോൾ  ഓരോ സ്വാദും ഓരോ തിരിച്ചറിവുകൾ ആണ് ...അത് വയറും നിറയ്ക്കും മനസ്സും നിറയ്ക്കും ....

ഇതൊക്കെ കുത്തി കുറിച്ച്‌   ഇവിടെ... കേരളാ - തമിഴ്  നാട് അതിർത്തിയിൽ ഇരിക്കുമ്പോൾ  ഉച്ച ഊണിനു സമയം ആകുന്നു ...ഇവിടെ വിശപ്പിൻറെ  ഉത്തരം സഹവാസി  അനീഷിൻറെ  അമ്മയാണ് ...വിശപ്പറിയാവുന്ന  ദൈവം തന്ന മറ്റൊരു പുണ്യം .......

                                                  -ശുഭം -

എസ്സ്‌ .എൽ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഓര്‍മ്മകുറിപ്പ്

ഞാന്‍ എന്നാണ് എന്നെ 'ഞാന്‍' എന്ന് സംഭോധന ചെയ്യാന്‍ തുടങ്ങിയത്,എന്ന ആലോചന എന്നും അവനെ അസ്വസ്ഥനാക്കിയിരുന്നു .പിന്നീട് എപ്പോഴോ എല്ലാ ചോദ്യങ്ങൾക്കും  ഉത്തരം ഉണ്ടാകും എന്നും അവനെ പലപ്പോഴായി ആരൊക്കെയോ പഠിപ്പിച്ചു.അങ്ങനെ പലതും പലപ്പോഴായി പടിപ്പിച്ചവരെല്ലാം അവനു വളരെ പ്രിയപ്പെട്ടവരായി.ആരേല്ലമാണവ‍ എന്ന് അവന്‍ തിരിച്ചരിഞ്ഞപ്പോഴെകും  അവനു പ്രായം പതിനെട്ടു തികഞ്ഞു . ഈ യാത്രക്കിടയില്‍ എപ്പുഴോക്കെയോ  അവനു ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായി,ധ്രിദമായ ബന്ധങ്ങള്‍ ഉണ്ടായി......... ഓര്‍മകളെ താലോലിച്ചവന് എപ്പോഴോ അക്ഷരങ്ങളോട് പ്രണയം തോന്നി;അക്ഷരങ്ങള്‍ ഓരോന്നായി കുതികുറിച്ചപ്പോള്‍  അവയ്ക്ക് കഴിഞ്ഞ കാലത്തിന്റെ രുചിയേറി...ചിലപ്പോഴൊക്കെ മധുരിക്കുന്ന ,ചിലപ്പോഴൊക്കെ എരിയുന്ന രുചി അങ്ങനെ പിറവിയെടുത്തു ഓര്‍മക്കുറിപ്പുകള്‍ ...ആ യാത്ര ഇവിടെ തുടങ്ങുന്നു.. പഠന വിഷയങ്ങളില്‍ തീരെ താത്പര്യം ഇല്ലാത്ത എന്നെ പഠനെതര വിഷയങ്ങളില്‍ കൂടുതല്‍ ഉര്‍ജസ്വലനാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടപ്പോൾ അച്ഛനും അമ്മയും ഒരു തീരുമാനത്തില്‍ എത്...

പറയാതെ പോകയോ

പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നീയറിഞ്ഞോ.... പോയ കാലം...... അറിയാതെ പറയാതെ കണ്ണീരലിഞ്ഞു ഞാൻ.... ഇനിയും നീ വരില്ലേ... ഒരു വാക്കും.. ആ നോക്കും.... ഇട നെഞ്ചിൽ ചേർത്തു ഞാൻ പറയാതെ പോകയോ പിരിയാതെ നമ്മളീ... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും നിൻ കാതിൽ മൂളിടാൻ... മറന്നൊരീണവും കെടാതെ വെച്ചൊരീ  പ്രിയമുള്ളൊരോർമ്മയും... ഇനി നമ്മളൊന്നായിടാൻ പിറന്നൊരീ വരി.... വഴിയോര യാത്രയിൽ നിറവാർന്നൊരോർമ്മയും --എസ്സ്.എൽ                -ശുഭം-

കാര്‍മേഘം!!!!

 തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത  കേള്‍ക്കാനായി  ഗ്രാമം കൊതിക്കാറുണ്ടെന്നും .........പെട്ടെന്ന് ആരോ തട്ടി വിളിച്ചപ്പോള്‍ ചെവിയില്‍ തിരുകിയിരുന്ന ഹെഡ് സെറ്റ് വലിച്ചൂരി കൂളിംഗ്‌ ഗ്ലാസ്‌ നെറുകയിലേക്ക്  കയറ്റി വെച്ച് കേട്ടുകൊണ്ടിരുന്ന സിനിമ ഗാനത്തിനൊപ്പം നാട്ടിലെ വയലരുകിലൂടെ സഞ്ചരിച്ചിരുന്ന ഞാന്‍ തിരിച്ചറിഞ്ഞു  സാഹചര്യവും ചുറ്റുപാടും മാറിയിരിക്കുന്നു എന്ന സത്യം.പെട്ടന്ന് ചാടി എഴുന്നേറ്റ് വിളിച്ചുണര്‍ത്തിയ സഹപ്രവര്‍ത്തകന്  ഒരു ചിരിയും സമ്മാനിച്ച്‌ ക്യാബില്‍  നിന്നും ഇറങ്ങുമ്പോള്‍ മുറിഞ്ഞ ഹിന്ദിയില്‍ ആംഗലേയം കൂട്ടികലര്‍ത്തി ഡ്രൈവര്‍  പറഞ്ഞു "സര്‍ ...ഗാടി 1 .30  ഗോ " ഞാന്‍ മിതമായി തലയാട്ടി സമ്മതം മൂളി  ഓക്കേ  പറഞ്ഞു .അയാളുടെ സംസാര രീതി അങ്ങനെയാണ് ആര്‍ക്കും മനസ്സിലാകും. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ് പദങ്ങള്‍ പറഞ്ഞു ഭലിപ്പിക്കാന്‍ ശ്രമിക്കുന്നവരെ വെല്ലുവിളിക്കുന്നതാണ് ആ സംഭാഷണ രീതി എന്ന് ഞാന്‍ ഓര്‍ത്തു .മരുഭൂമിയിലെ  ചൂടില്‍ ഖത്തര്‍ റിയാലിന്റെ  കുളിര്‍മ തേടി എത്തിയവരാണ് എനിക്കു ചുറ്റും എന്ന് ഓര്‍ത്തപ്പോള്‍ ശീതികരിച്ച മുറിയി...