തിരക്കിട്ട് ഓടിപ്പിടിച്ച് റൂമിൽ എത്തി.. കൈയ്യിൽ കിട്ടിയതെല്ലാം വലിച്ചു വാരി ബാഗിലാക്കി. ആരുടെയൊക്കെയോ പ്രാർത്ഥന കെട്ടും മറ്റു ചിലരുടെ പ്രാർത്ഥന തീരെ കേൾക്കാതെയും ചിന്നി ചിതറുന്ന മഴയിൽ ,നഷ്ട്ടത്തിൽ നിന്നും ലാഭത്തിലേക്ക് ഓടിക്കൊണ്ടേ ഇരിക്കുന്ന ക .എസ്. ആർ. ടി . സി യുടെ ഡബിൾ ബെല്ലിൻറെ അകമ്പടിയോടു കൂടി മുൻവശത്തെ വാതിലിലൂടെ വലിഞ്ഞു കയറി സൈഡ് സീറ്റിൽ തന്നെ ഇരുപ്പ് ഉറപ്പിച്ചപ്പോൾ വീട്ടിലേക്കുള്ള ദൂരം ഒരു ഉറക്കത്തിനരികെ എന്ന വാസ്തവം ആശ്വാസം തന്നു ..
പുലർച്ച 4.30 ന് വീട്ടിൽ എത്തുമ്പോൾ കിടക്ക എന്നത് അപ്പോൾ കിട്ടാവുന്ന എറ്റവും വല്ല്യ സൌഭാഗ്യം തന്നെ ആയിരുന്നു .
സമയം 9.30 - ഉറക്കമുണർന്നതും അന്നത്തെ മാതൃഭൂമി പത്രം തണുപ്പിച്ചു ചൂട് ആക്കിയ ചായക്കൊപ്പം അകത്താക്കി, അടുക്കള വിശേഷങ്ങൾ അന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ സന്ദർശനത്തിൽ ,അടുപ്പിൽ ഇരിക്കുന്ന പുറത്തേക്കു അൽപ്പം പോലും ആവി തുപ്പാതെ മുഴുവൻ ആവിയും അകത്തു തന്നെ അടക്കി പിടിച്ചു മുഖം വീർപ്പിച്ചിരുന്ന ഇഡലി കുട്ടകം അൽപ്പം അഹങ്കാരത്തോടെ തന്നെ എന്നെ നോക്കി ചിരിക്കുന്നതായി എനിക്ക് തോന്നി .!!!!!
എന്താ അമ്മെ ഇന്ന് രാവിലെ ? അമ്മയുടെ മറുപടി ഇഡലി എന്ന് പറഞ്ഞു അവസാനിപ്പിച്ചപ്പോൾ അലുമിനിയതിൽ തീർത്ത കുട്ടകം എന്നെ നോക്കി വീണ്ടും മന്തഹസിച്ചു ,പരിചയം പുതുക്കലിന്റെ ഭാഗമായി ഞാനും ഒന്ന് പുഞ്ചിരിച്ചു .
ഞാനും ഈ ഇഡ്ഡലി കുട്ടകവും ഏകദേശം സമപ്രായക്കാരാണ് .ഒരു കാലത്ത് വീട്ടിലെ എൻറെ പ്രാധാന ശത്രു ആയിരുന്നു ഈ ഇഡലി കുട്ടകം .
വീട്ടിൽ ആട്ടു കല്ലിനു പുറമേ ഗ്രൈണ്ടർ എന്ന അത്ഭുത യന്ത്രം സ്ഥാനം പിടിച്ച കാലമായിരുന്നു അത് .അമ്മയും അമ്മച്ചിക്കും (അമ്മയുടെ അമ്മ )
ഏറ്റവും ആശ്വാസം നല്കിയിരുന്നതും ഈ യന്ത്രം ആയിരിക്കാം കാരണം കുറച്ച് അരിയും ആവശ്യത്തിനു വെള്ളവും കൊടുത്താൽ ആരും കാവൽ നിൽക്കേണ്ട ... കുറച്ചു സമയം കൊണ്ട് ,ചുരുങ്ങിയത് ഒരു ആഴ്ച്ചത്തെക്കുള്ള അരിമാവ് റെഡി ..
മാത്രവുമല്ല അംഗ സംഖ്യയിൽ തീരെ കുറവല്ലാത്ത വീട്ടിൽ അമ്മച്ചിയുടെ അമ്മയുടെയും ജോലി ഭാരം കുറച്ചിരുന്നു എന്ന സേവനവും ഈ ഗ്രൈണ്ടർ നലകിപോന്നിരുന്നു..അങ്ങനെ ഇഡ്ഡലിയും ദോശയും ജീവിതവുമായി വളരെ ബന്ധം പുലർത്തി പോന്നിരുന്നു .
ഇഡ്ഡലിക്ക് അകമ്പടി ആയി വെളിച്ചെണ്ണയിൽ ചാലിച്ച പൊടി ചമ്മന്തിയും ഒപ്പം അമ്മച്ചിയുടെയും അമ്മയുടെയും സ്നേഹലാളനയും കൂട്ടികലർത്തുമ്പോൾ അതിനു രുചിയേറും .
എന്നാൽ എൻറെ പ്രഭാതങ്ങൾ ഇഡ്ഡലിയുമായുള്ള നിരന്തര യുദ്ധത്തിൻറെ പരിണിതഭലങ്ങൾ തന്നെ ആയിരുന്നു .ഓരോരുത്തർക്കും ഇത്ര ഇഡ്ഡലി എന്ന കണക്കുണ്ട് .ഞാൻ എന്ന മൂന്നാം തരക്കാരൻ കുറഞ്ഞത് മൂന്ന് ഇഡ്ഡലി കഴിക്കണം എന്നത് എഴുതപ്പെടാത്ത നിയമങ്ങളിൽ ഒന്നായിരുന്നു .അനുജൻ കിട്ടു (ശ്രീജിത്ത് ) കണക്കുകളിൽ സമർത്ഥൻ എന്നപോലെ ഇഡ്ഡലി കണക്കിലും എല്ലാവരെയും സന്തോഷിപ്പിച്ചു പോന്നിരുന്നു .കഴിക്കെണ്ടതിലും രണ്ട് എണ്ണം കൂടുതൽ എങ്കിലും അവൻ അകത്താക്കിയിരുന്നു ,അപ്പോഴും ഞാനും ഇഡ്ഡലി യും തമ്മിൽ യുദ്ധത്തിൽ ആയിരിക്കും.
വാരാന്ത്യവും വിശേഷ ദിവസങ്ങളിലും വന്നു പോകാറുള്ള മോനമ്മാ നും(മോഹനൻ അമ്മാവൻ ) ജയശ്രി അമ്മായിക്കും പുറമേ വീട്ടിലെ ഭാഗമായിരുന്നു ചന്ദ്രൻ പേരപ്പനും ശാരി പേരമ്മയും(അമ്മയുടെ മൂത്ത ചേച്ചി ).പേരപ്പനും പേരമ്മയും പെരുന്നയിൽ(ത്രിക്കൊടിത്താനത്തിനു അടുത്ത സ്ഥലം ) ആണ് താമസം.അതുകൊണ്ട് തന്നെ ഇടക്ക് വീട്ടിലേക്കു വരും .മാത്രവുമല്ല വീട്ടിലും നാട്ടിലും പേരപ്പനോട് എല്ലാവർക്കും വല്ല്യ ബഹുമാനം ആണ് .ചന്ദ്രൻ ചേട്ടൻ എന്നും ശാരി ചേട്ടൻ എന്നും അമ്മയും അച്ഛനും ,അമ്മാവന്മാരും അമ്മായിമാരും മറ്റ് പെരപ്പന്മാരും പേരമ്മമാരും വളിക്കുമ്പോൾ അതിൽ ഒരു വീട്ടിലെ തലമുതിർന്ന ജേഷ്ട്ടന് നൽകുന്ന എല്ലാ ബഹുമാനവും ഉൾപ്പെടുത്തിയാണ് വിളിക്കാറ് എന്നത് എന്നും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് .
അച്ഛനും പേരപ്പനും തമ്മിൽ ദൃഡ്ഡമായ അടുപ്പം ആണ് ഉണ്ടായിരുന്നത് ,പല കാര്യങ്ങളിലും ആധികാരികമായി ഇവർ തമ്മിൽ സംവാദങ്ങൾ നടക്കാറുണ്ട് .. ചില ചർച്ചകൾ വല്ല്യ അഭിപ്രായ വ്യത്യാസങ്ങളിലും അവസാനിച്ചിട്ടുണ്ട് .എങ്കിലും അവർ തമ്മിൽ വല്ല്യ സ്നേഹമായിരുന്നു .പേരപ്പൻറെ പിറന്നാളുകൾക്ക് കട്ടിയുള്ള ചാർട്ട് പേപ്പറിൽ വർണ്ണ കടലാസ്സു കൊണ്ട് അച്ഛൻ പിറന്നാൾ ആശംസകൾ എഴുതി കൊടുത്തിരുന്നത് ഓർമ്മ ചെപ്പുകളുടെ അടുക്കിൽ എവിടെ നിന്നോ എനിക്ക് ഓർത്തെടുക്കാൻ കഴിയുന്നു .
ശാരി അമ്മച്ചിയും ചന്ദ്രൻ പേരപ്പനും വീട്ടിലുള്ള ഒരു ഇഡ്ഡലി സുപ്രഭാതം.
പേരപ്പന് അഭിമുഖമായി ഞാനും ഇഡ്ഡലി കഴിക്കാനായി ഇരുന്നു .ഭക്ഷണം പാഴാക്കുന്നതിനെ കർക്കശമായി തന്നെ അദ്ധേഹം എതിർത്തിരുന്നു .എന്റെ മുൻപിൽ പ്ലേറ്റിൽ മൂന്ന് ഇഡ്ഡലികളിൽ ഒന്നും പാഴാക്കാതെ മുഴുവൻ കഴിച്ചോണം .എന്ന് താക്കീതും തന്നു ചന്ദ്രൻ പെരപ്പൻ .
അനുജൻ കിട്ടുവിനെ രണ്ട് ഇഡ്ഡലി ഏൽപ്പിക്കാൻ നടന്ന ആദ്യ ശ്രമം പരാജയപ്പെട്ടു .ഇഡ്ഡലി തീർന്നു എങ്കിലെ സ്കൂളിൽ സമയത്ത് എത്താൻ പറ്റു എങ്ങനെ എങ്കിലും കഴിച്ചു തീർക്കാൻ ഒട്ടു പറ്റുന്നുമില്ല ... ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതിനു പിന്നിൽ നിലവറയാണ് അതിലേക്കു ഇഡ്ഡലി കളഞ്ഞാൽ രക്ഷപ്പെടാം .. എന്നൊരു ബുദ്ധി തോന്നി .അല്ലാതെ വേറെ ഒരു വഴിയും ഇല്ല .അന്നം ഈശ്വരനാണ് എന്ന് അമ്മച്ചി പറഞ്ഞത് ഞാൻ ഓർത്തു .. പ്ലേറ്റ് കാലി ആക്കാതെ ചന്ദ്രൻ പെരപ്പാൻ വിടില്ല .
രണ്ടും കൽപ്പിച്ച് രണ്ട് ഇഡ്ഡലി എടുത്തു ഇടതു കൈയ്യിൽ വെച്ച് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ ഇരുന്നിടത്ത് നിന്നും പിന്നിലേക്ക് ഇട്ടു .പക്ഷെ സംഭവിച്ചത് ന്യൂട്ടണ്‍ സിധാന്ധങ്ങളിൽ പ്രമുഖമായ' Law of Motion ' (every action has equivalent or opposite reaction)
ആണ് ,കളഞ്ഞ ഇഡ്ഡലി ഭിത്തിയിൽ തട്ടി അതെ വേഗത്തിൽ എനിക്ക് അഭിമുഖമായി ഇരുന്ന പേരപ്പന്റെ കാലിൽ ചെന്ന് വീണു ...
എൻറെ കാര്യം ഏകദേശം തീരുമാനം അയി എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
പേരപ്പൻ താഴെ നിന്നും ഇഡ്ഡലി എടുത്തു അനിയനെ നോക്കിയതും അവൻ പറഞ്ഞു 'ഞാനല്ല ചെട്ടനാ ..'
സാധാരണ പോലെ വൃത്തിയായി തന്നെ താൻ നിരപരാധി എന്ന് എളുപ്പത്തിൽ തന്നെ അവൻ തെളിയിച്ചു.
പേരപ്പൻ ദേഷ്യപ്പെടും എന്നും അല്ലെങ്കിൽ ഒരു അടി എവിടുന്നെങ്കിലും ഉറപ്പിച്ചിരുന്നു ഞാൻ .പക്ഷെ പെരപ്പൻ ഒന്നും പറഞ്ഞില്ല ,ആരോടും പറഞ്ഞില്ല പകരം എന്നെ ഒന്ന് നോക്കി എന്നിട്ട് ഒന്നും അറിയാത്ത പോലെ പറഞ്ഞു വേഗം റെഡി ആയി സ്കൂളിൽ പോകാൻ നോക്ക് ,അങ്ങനെ പറഞ്ഞു എഴുന്നെറ്റു.
ഒരു നിമിഷത്തെ നോട്ടം കൊണ്ട് പേരപ്പൻ എന്നോട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു .എൻറെ കുഞ്ഞു മനസ്സിലേക്ക് കടത്തിവിടാൻ ശ്രമിച്ചത് എന്തെന്ന് അന്ന് മനസ്സിലാക്കാൻ സാധിച്ചില്ല .പിന്നീട് പലപ്പോഴും പേരപ്പൻ എന്റെ ജീവിതത്തിലെ പല ചെറിയ ചെറിയ വല്ല്യ കാര്യങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് ,കുറച്ചു നാളുകൾക്ക് മുൻപ് പേരപ്പൻ യാത്ര പറഞ്ഞപ്പോൾ പറഞ്ഞും പറയാതെയും പഠിപ്പിച്ചു തന്ന എല്ലാ നന്മകളും അൽപ്പം വേദനയോടെ എങ്കിലും ഓർത്തു പോകുന്നു.
അടുക്കളയിൽ നിന്നും അമ്മ വിളിച്ചു
എടാ വന്ന് ഇഡ്ഡലി കഴിക്ക് ..കിട്ടുവിനെയും വിളിക്ക് ...
ശുഭം
എസ്സ് .എൽ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ