എഴുതണം .മനസ്സ് ശാന്തമാകാന്‍ ഇത്രയും നല്ല വഴി വേറെ ഇല്ല .കണ്ടതും കേട്ടതും അറിഞ്ഞതും പറഞ്ഞതും
എല്ലാം ചേര്‍ത്ത് വെച്ച് എഴുതണം .. ഞാന്‍ ഇരിക്കുന്നതിനു തൊട്ടു പിന്നിലെ ഭിത്തിയില്‍ ഘടിപ്പിച്ചിരിക്കുന്ന 'തണുപ്പ് തുപ്പി ' യന്ത്രം
തുപ്പുന്ന തണുപ്പില്‍ എന്‍റെ ഓര്‍മകളും മരവിച്ചു തുടങ്ങിയിരിക്കുന്നു .ഇത് പറയുമ്പോള്‍ എന്‍റെ പ്രായം അന്‍പതുകളിലോ ,അറുപതുകളിലോ , എഴുപതുകളിലോ, എന്പതുകളിലോ അല്ല എന്ന സത്യം കൂടുതല്‍ ചിന്തയിലേക്ക് എന്നെ ചെന്നെത്തിച്ചു .മുറിയില്‍ ആകെ വ്യാപിച്ചിരിക്കുന്ന തണുപ്പില്‍ ചില്ല് ഗ്ലാസ്സില്‍ ഞാന്‍ സ്വയം ഉണ്ടാക്കി വച്ചിരിക്കുന്ന നല്ല ഒന്നാംതരം ചൂട് ചായ വല്ല്യ ആശ്വാസമാണ് തന്നത് .പുറത്തു ചൂടെങ്കിലും അകത്തു തണുപ്പ് തന്നെ .... .
ഇപ്പോഴും ഞാന്‍ എങ്ങും എത്തിയിട്ടില്ല ,ഒരു വിഷയം വേണം ,എനിക്ക് ചുറ്റിലും ഉള്ള എന്തെങ്കിലും ഒന്ന്.ഒരിക്കലെങ്കിലും എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചിട്ടുള്ള ....ചിര്പ്പിച്ച കരയിപ്പിച്ച എന്തെങ്കിലും ... സന്തോഷം ,ദുഃഖം ഇതില്‍ രണ്ടിലുമായ് ഒതുങ്ങികൂടാറുണ്ട് നേരത്തെ പറഞ്ഞ കണ്ടതും കേട്ടതും അറിഞ്ഞതും പറഞ്ഞതും ആയ ജീവിത ശകലങ്ങള്‍ . മുറിയില്‍ പെട്ടെന്ന് ഗിറ്റാര്‍ ന്‍റെ മധുരകരമായ ഇമ്പമുള്ള ശബ്ദം പരന്നു ,സഹപ്രവര്‍ത്തകനും എന്‍റെ സഹാവാസിയുമായ സജിത്ത് മാഷാണ് ആ ശബ്ദത്തിനു പിന്നില്‍.. .. ..................................എത്ര തിരക്കായാലും ആ സഹജീവി അതിനായി സമയം മാറ്റിവേക്കാറുണ്ട് .ഗിറ്റാര്‍ എന്ന ഉപകരണത്തിലെ ആകെയുള്ള ആറു കമ്പികളില്‍ നിന്നും ഇത്രയും മനോഹരമായതും കേള്‍ക്കാന്‍ ഇമ്പം ഉള്ളതുമായ ശബ്ദം ...അത്ഭുതകരം തന്നെ . ഇതിനു മുന്‍പ് പലപ്പോഴും ഇമ്പമുള്ള ശബ്ദത്തിനായി ഞാനും വിഭലമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.,അധികം വൈകാതെ തന്നെ അത് ആ ഉപകരണത്തോടും അതിനെ അങ്ങേ അറ്റം ബഹുമാനിക്കുന്നവരേയും കളിയാക്കുന്നതയാണ് കേട്ട് നില്‍ക്കുന്നവര്‍ക്ക് തോന്നുക എന്ന് മനസ്സിലായപ്പോള്‍ അതവസാനിപ്പിച്ചു .
വരുന്ന പത്തു ദിവസം ഇവിടെ അവധി ആണ് !!!
നാട്ടില്‍ ആയിരുന്നെങ്കില്‍ എന്തെല്ലാം പദ്ധതികള്‍ .ആസൂത്രണം ചെയ്യാമായിരുന്നു .
സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് അവധി എന്നത്, ത്രിക്കൊടിതാനത്തെ (എന്‍റെ നാട് ) മൈതാനങ്ങളിലും വീട്ടിലെ വിസ്താരം ഉള്ള പറമ്പിലും സമപ്രായകാരായ കുറെ കിങ്കരന്മാരിലും ഒതുങ്ങിയിരുന്നു .ക്രിക്കറ്റ് ആയിരുന്നു ഇഷ്ട്ട കളി .ആദ്യകാലങ്ങളില്‍ ഒരു ഓല മടല്‍ വീഴാന്‍ കാത്തു നില്‍ക്കും ,അമ്മയുടെയും അമ്മച്ചി(അമ്മയുടെ അമ്മ )യുടെയും കണ്ണ് വെട്ടിച്ചു അടുക്കളയില്‍ നിന്നും വെട്ടുകത്തിയും എടുത്തു വീണു കിടക്കുന്ന ഓലമടല്‍ ക്രിക്കറ്റ് ബാറ്റയി ചെത്തി മിനുക്കുമ്പോള്‍ അനിയന്‍ കിട്ടു ഉള്‍പ്പെടുന്ന മറ്റു കിങ്കരന്മാരുടെ മുഖത്ത് ഒരു ചിരി വിടരും ,ഒരു ദിവസത്തെ മുഴുവന്‍ പ്രതീക്ഷയുടെ സൂചകമാണ് ആ ചിരി ... പ്രശ്നം അവിടെ കൊണ്ട് തീര്‍ന്നില്ല .കളി തുടരണം എങ്കില്‍ പന്ത് വേണം .അതിനായി പിന്നെയും ഉണ്ട് പ്രയത്നം .ഒന്നുകില്‍ വീട് മുഴുവന്‍ തിരഞ്ഞ് കിട്ടാവുന്നത്ര റബ്ബര്‍ ബാന്‍ഡ് തരപ്പെടുത്തണം പിന്നീട് കടലാസിനുള്ളില്‍ വളരെ ചെറിയ ഉരുളന്‍ കല്ല് വെച്ച് അത് പന്തി ന്‍റെ രൂപത്തില്‍ ഇരു കൈവെള്ളയിലും വെച്ച് ഉരുട്ടി എടുക്കണം .അടുത്ത ഘട്ടത്തില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞു റബ്ബര്‍ ബാന്‍ഡ് കൊണ്ട് വരിഞ്ഞു മുറുക്കും
ഇതൊന്നും തരപ്പെട്ടില്ല എങ്കില്‍ അമ്മച്ചിയുടെ അടുത്ത് കൂടും ,അന്ന് അഞ്ചു രൂപയ്ക്കു നല്ല ഒന്നാംതരം റബ്ബര്‍ പന്ത് കിട്ടും ,ചാപ്പുറത്തു മണി കുട്ടന്‍ ചേട്ടന്‍റെ കടയില്‍ .അമ്മച്ചിയുടെ അടുത്തിരുന്നു മണി അടിക്കും ..ശല്ല്യം സഹിക്കാതെ ആകുമ്പോള്‍ പാവം പത്തു രൂപ തരും .അഞ്ചു രൂപ പന്തിനും ,ബാക്കി അഞ്ചു രൂപ മിട്ടായിക്കും ... ഇരുപത്തഞ്ചു പൈസക്ക് ഇളം ചുവപ്പ് നിറത്തില്‍ ചെറിയ ഉരുളന്‍ കല്ല് രൂപത്തിലുള്ള തേന്‍ മിട്ടായി കിട്ടും ,പന്തും വാങ്ങി അഞ്ചു രുപ്പികക്ക് കിട്ടാവുന്ന തേന്‍ മിട്ടായിയും കീശയിലാക്കി വരുമ്പോള്‍ അനിയത്തി കുട്ടി അടക്കം ആ പ്രദേശത്തെ പൊടി കുപ്പിയുടെ അത്ര വലിപ്പം തോനിക്കുന്ന ഒരു വല്ല്യ പട തന്നെ ഉണ്ടാകും .
പിന്നീടു സന്ധ്യ ആകും വരെ കളിയോട് കളി !!!! തര്‍ക്കവും ആരവവും , ആകെ ബഹളം !!! കൂട്ടത്തിലെ തല മുതിര്‍ന്ന കളിക്കാര്‍ വടക്കേതിലെ അയ്യപ്പന്‍ ചേട്ടന്‍റെ മക്കളായ സുരേഷും ഉണ്ണിയും ആണ് .എന്നെയും കിട്ടുവിനെയും പോലെ അവരും ചെട്ടാനുജന്മാരാണ് .പിന്നെയും ഉണ്ട് കഥാപാത്രങ്ങള്‍ . സാവധാനത്തില്‍ ഓരോരുത്തരെ പരിചയപ്പെടുത്താം .വീടിനു തൊട്ടു മുന്‍പ് വശത്തെ പറമ്പിലാണ് കളി തകര്‍ത്തിരുന്നത് .അവിടെ നിറയെ മരങ്ങളാണ് സപ്പോര്‍ട്ടാ ,മാങ്കോസ്ത്തീന്‍ ,മാവ് ,പ്ലാവ്, കമ്മ്യൂണിസ്റ്റ് കാട് അങ്ങനെ മരങ്ങള്‍ തിങ്ങി നിറഞ്ഞു നിന്നിട്ടും ഇതിനെല്ലാം ഇടയിലൂടെ എവിടെയും തട്ടാതെ പന്ത് അടിച്ചു പറത്താന്‍ ഉണ്ണിക്കും അനുജന്‍ സുരേഷിനും ഉള്ള കഴിവ് ഓര്‍ത്തു അസൂയ തോന്നിയിട്ടുണ്ട് .പന്ത് ഞങ്ങളുടെ പറമ്പും കഴിഞ്ഞു തൊട്ടപ്പുറത്തെ അംബ പറമ്പില്‍ അടിച്ചു ഇടുക എന്നത് അവരാല്‍ മാത്രം സാധിച്ചിരുന്ന കാലം !!!!
അന്ന് അവരോടു ആരാധന തോന്നിയിരുന്നു .ഇപ്പോഴും അങ്ങനെ തന്നെ. എന്നാല്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്തു കാണുമ്പോള്‍ അവരോടു ബഹുമാനം ആണ് ,അതിലുപരി സ്നേഹമാണ് തോന്നുക .
കളിയുടെ നിലവാരം കൂടണം എങ്കില്‍ വെള്ളൂരില്‍ നിന്നും അമ്മാവനും അമ്മായിയും ഒപ്പം നന്ദുവും അച്ചുവും (അമ്മാവ ന്‍റെ മക്കള്‍ ) എത്തണം .അവര്‍ കാറില്‍ ആണ് വരാറ് .അവന്മാര്‍ക്ക് (നന്ദു അച്ചു) സ്വന്തമായി ഒരു ക്രിക്കറ്റ് ബാറ്റ് ഉണ്ട് !!!!.മാത്രവുമല്ല ആ കാലഘട്ടത്തില്‍ വീട്ടില്‍ എന്നും ആഘോഷം കൊണ്ടുവന്നിരുന്നത് മാരുതി എയിറ്റ് ഹണ്ണ്‍ഡ്രഡില്‍ ഓടിയെത്താറുള്ള മോനമ്മാനും (മോഹനന്‍ അമ്മാവന്‍ എന്നത് വിളിച്ചു വിളിച്ചു മോനമ്മാന്‍ ആയി ) ജയശ്രീ അമ്മായിയും ആണ് .
കളി അതിന്‍റെ ഉച്ചസ്ഥായില്‍ എത്തി നില്‍ക്കുമ്പോള്‍ അമ്മയുടെ വിളി വരും .അത് ഒരു പതിവാണ് .ഒന്നുകില്‍ കടയില്‍ പോകാന്‍ അല്ലെങ്കില്‍ വേറെ എന്തെങ്കിലും ജോലി .അതും പേരെടുത്തു തന്നെ വിളിക്കും "എടാ ശ്രീ മോനെ ....."എന്ന് നീട്ടി വിളിക്കും .കളിയുടെ ലഹരിയില്‍ സ്നേഹം മാത്രം ഉള്ള അമ്മയുടെ ശബ്ദം ഞാന്‍ കേള്‍ക്കാറില്ല ,അടുത്ത വിളി അല്‍പ്പം ഘനം കൂടും ."എടാ ... ഇങ്ങോട്ട് വരാന്‍ ".
അപ്പോഴും ഞാന്‍ അത് കേട്ടതായി നടിക്കാറില്ല .അടുത്ത വിളി കൂടുതല്‍ ഘനത്തില്‍ ,അത് അമ്മ അല്ല വിളിക്കുക അച്ഛനായിരിക്കും .അത് കേട്ടില്ല എന്ന് വെച്ചാല്‍ പ്രശ്നം ഗുരുതരം ആകും ,അങ്ങനെ ആയ ചരിത്രം ഉണ്ട് ...
ഒരിക്കല്‍ ഗുജറാത്തില്‍ നിന്നും പേരപ്പന്‍(( ((((((999എത്തി ,(തെക്കോട്ട് അമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവിനെ പേരപ്പന്‍ എന്നാണ് വിളിക്കാറ് ).എല്ലാവര്‍ക്കും വല്ല്യ ബഹുമാനമാണ് പേരപ്പനോട് .അമ്മച്ചിയും അമ്മയും അച്ഛനും ഒക്കെ വല്ല്യ ബഹുമാനത്തില്‍ സംസാരിക്കുന്നവരുടെ കൂട്ടത്തില്‍ പേരപ്പനെ കുറിച്ചും സംസാരിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ട് .അദ്ദേഹം ബ്രഹ്മണന്‍ ആണ് ,അമേരിക്കയില്‍ പൊയ് പഠിച്ചിട്ടുണ്ട് .ഏതോ വല്ല്യ കമ്പനിയിലാണ് ജോലി എന്നൊക്കെ .
വളരെ സിമ്പിള്‍ ആയ ഒരു മനുഷ്യന്‍ ,എല്ലാവരോടും സ്നേഹം മാത്രം ,ഇപ്പോഴും മുഖത്ത് ഒരു ചിരി ,നന്നായി പാടും .പക്ഷെ എന്നിട്ടും അടുത്തിരുന്നു സംസാരിക്കാന്‍ ഞാന്‍ നന്നേ വിഷമിച്ചു കാരണം പേരപ്പന് മലയാളം വഴങ്ങില്ല എന്നതാണ് ,എന്നാല്‍ ഹിന്ദി ,തമിഴ് ,ആംഗലേയം എന്നീ ഭാഷകള്‍ വഴങ്ങും .ഈ പറഞ്ഞ ഭാഷകള്‍ എനിക്കൊട്ടു വഴങ്ങുകയും ഇല്ല .എങ്കിലും ഞാന്‍ പിന്നോട്ട് നിന്നില്ല അറിയാവുന്ന ഇംഗ്ലീഷും ഞാന്‍ തന്നെ കണ്ടു പിടിച്ച ചില ആംഗ്യ ഭാഷയും വെച്ച് കസറി .അന്ന് ഞാന്‍ എന്ന പത്തു വയസ്സ്കാരന്‍റെ മാനസിക അവസ്ഥ ഉള്‍ക്കൊണ്ട് അദ്ദേഹം എന്നോട് സംസാരിച്ചു ,എന്നിലെ ചിന്താശ്രേണി മനസ്സിലാക്കി എന്നോട് സംസാരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു . ആ മനുഷ്യനില്‍ നിന്നും പഠിച്ച വല്ല്യ തിരിച്ചറിവ് ഇന്നും ജീവിതത്തില്‍ എനിക്ക് വല്ല്യ മുതല്‍കൂട്ടാണ് .സംസാരിക്കുമ്പോള്‍ ആരോട് എങ്ങനെ എന്നത് ഒരു വല്ല്യ കാര്യം തന്നെ ആണ് .
പേരപ്പന്‍ ഞങ്ങള്‍ക്കൊപ്പം കളിച്ചു .കളി കഴിഞ്ഞു വേഗം റെഡി അയി പെരപ്പനോപ്പം ചങ്ങനാശ്ശേരി ടൌണില്‍ എത്തി .അവിടുത്തെ എറ്റവും വല്ല്യ സ്പോര്‍ട്ട്സ് ഗുഡ്സ് കടയില്‍ കയറി .എനിക്കും അനുജന്‍ കിട്ടുവിനും ഇത്ര ഏറെ സന്തോഷം ഉണ്ടാക്കുന്ന കാര്യം ആകും എന്ന് ഒരിക്കലും കരുതി ഇല്ല .ഇഷ്ട്ടപ്പെട്ട ഒരു ക്രിക്കറ്റ് ബാറ്റ് തിരഞ്ഞെടുക്കാന്‍ ആവശ്യപെട്ടപ്പോള്‍ ,അവിടെ നിന്ന് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി .ഞങ്ങള്‍ അവിടെ നിന്നും മുന്തിയ ഒരു ബാറ്റ് വാങ്ങി . നല്ല തിളക്കം ഉള്ള ,ഭാരം ഉള്ള ഒരു ബാറ്റ് !!!!
ആ ബാറ്റ് കൈയില്‍ എടുത്തു കിട്ടു താഴ്ന്ന ശബ്ധത്തില്‍ എന്നോട് പറഞ്ഞു "ചേട്ടാ ഇത് മതി .സച്ചിന്‍ തേന്‍ ദുല്‍കറുടെ കൈയ്യില്‍ ഇത്രയും ഭാരമുള്ള ബാറ്റ് ആണ് അത്രേ".
അങ്ങനെ വല്ല്യ ആഘോഷത്തോടെ പുതിയ ബാറ്റും ബോളും അയി വീടെത്തി .
അത് വീണ്ടും തിരിച്ചും മറിച്ചും നോക്കി പരസ്പരം പറഞ്ഞു " നല്ല ബാറ്റ് ".
അവിടുന്ന് ദിവസങ്ങള്‍ കഴിഞ്ഞു .ഒരു അവധി ദിവസം .അച്ഛനും അമ്മയും വീട്ടില്‍ ഉണ്ട് ,ഞങ്ങള്‍ പതിവുപോലെ .ബാറ്റും എടുത്തു ഇറങ്ങി .കളി അങ്ങേ തലയ്ക്കല്‍ എത്തി നില്‍ക്കുന്നു .പലതവണ അമ്മ വിളിച്ചു (നേരത്തെ സൂചിപ്പിച്ചത് പോലെ ) ഞാന്‍ കേട്ടതായി ഭാവിച്ചില്ല ... വീണ്ടും വിളിച്ചു .ഞാന്‍ മിണ്ടി ഇല്ല .കഥ മാറി മറഞ്ഞത് പെട്ടന്നാണ് .ഗാംഭീര്യം ഉള്ള ശബ്ധത്തില്‍ അച്ഛന്‍ വിളിച്ചു .. എടാ... ശ്രീകാന്ത് .... ഞാന്‍ വിളി കേട്ടില്ല ... കളിയുടെ ബഹളത്തില്‍ അവിടെ നിന്നു .അടുത്ത വിളി വീണ്ടും വന്നു .. എടാ നിന്നോട പറഞ്ഞത് ഇങ്ങോട്ട് വരാന്‍ .ഞാന്‍ അനങ്ങി ഇല്ല .അച്ഛന്‍റെ ശബ്ദം കനത്തു .. ആ ബാറ്റ് കൊണ്ട് ഇങ്ങു വാടാ ... പ്രശ്നം രൂക്ഷമാണ് എന്ന് ബോധ്യമായപ്പോള്‍ ഞാന്‍ ബാറ്റ് എടുത്തു അച്ഛന്‍റെ അരികില്‍ ചെന്നു ."നിന്നോട് പറഞ്ഞാല്‍ അനുസരണ ഇല്ല അല്ലെ ... അച്ചന്‍റെ ശബ്ധത്തില്‍ ഞാന്‍ വിറച്ചു ..എന്‍റെ കൈയ്യില്‍ ഇരുന്ന ബാറ്റ് വാങ്ങി അടുത്ത കല്ലില്‍ ഒറ്റ അടി ... സച്ചിന്‍റെ കയില്‍ ഉലാത് പോലെ ഉള്ള അതെ ബാറ്റ് .. ആശിച്ചു മോഹിച്ചു കിട്ടിയ ബാറ്റ് ... വിറകു കൊള്ളി പോലെ രൂപാന്തരം പ്രാപിച്ചത് പെട്ടന്നായിരുന്നു ...
സാധാരണ പോലെ എന്‍റെ പ്രധിഷേധം കരച്ചില്‍ അയി .. അത് ഉച്ചത്തില്‍ അയി ... കൂട്ടത്തില്‍ അനിയന്‍ കിട്ടുവും കരഞ്ഞു .കൂടെ ഉണ്ടായിരുന്നു കിങ്കരന്മാര്‍ പല ഭാഗത്തേക്ക് ഓടി മറഞ്ഞു .കരച്ചിലുമായ് ഞങ്ങള്‍ വീടിനുള്ളില്‍ അമ്മയുടെ അടുത്ത് എത്തി ... ഉറക്കെ കരഞ്ഞു .. ആരും കേട്ടില്ല .
അല്ലെങ്കില്‍ കേട്ടതായി ഭാവിച്ചില്ല ...
ഒരു പുതിയ ബാറ്റ് !!! ആര് എവിടുന്നു . ???? ആ പ്രതീക്ഷയില്‍ കാത്തിരുപ്പ് ... ഇന്ന് ഇവിടെ ഈ മരുഭൂമിയില്‍ ,പുറത്തു ചൂടും അകത്തു തണുപ്പും ഉള്ള ഈ കെട്ടിടത്തില്‍, പ്രതീക്ഷകള്‍ വേറെ തലങ്ങളില്‍........ ,സജിത്ത് മാഷ് ഉറങ്ങി എന്ന് തോനുന്നു .ഇപ്പോള്‍ ഗിറ്റാര്‍ ശബ്ദം കേള്‍ക്കാന്‍ ഇല്ല ...ഗ്ലാസില്‍ ചായ കുറച്ചു കൂടി ബാക്കി ഉണ്ട് ,പക്ഷെ ചൂടില്ല സജിത്ത് മാഷിനൊപ്പം അതും തണുപ്പ് വിഴുങ്ങി ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ